-
-
Save kurianbenoy/9b12b76f7aebab3b2c9e684999f8bc05 to your computer and use it in GitHub Desktop.
This file contains bidirectional Unicode text that may be interpreted or compiled differently than what appears below. To review, open the file in an editor that reveals hidden Unicode characters.
Learn more about bidirectional Unicode characters
പൗർണമിശോഭയിൽ ഗാനചന്ദ്രൻ | |
ഭാവഗായകൻ പി. ജയചന്ദ്രന് എൺപതു തികയുകയാണ്. നിത്യയൗവനത്തിന്റെ പ്രതീകമാണ് മലയാളിക്ക് അദ്ദേഹം. അഞ്ചുപതിറ്റാണ്ടുകൾക്കുമുമ്പ് മലയാളിയുടെ ആസ്വാദനത്തെ മഞ്ഞലയിൽ മുക്കിത്തോർത്തിച്ച അതേ സ്വരഭംഗിയുടെ കൗമാരകുതൂഹലം ഇപ്പോഴും പൊടിമീശമുളയ്ക്കുന്ന പ്രായം കവിഞ്ഞുപോയിട്ടില്ല. പാട്ടിൽ മാത്രമല്ല നടപ്പിലും സംസാരത്തിലും വേഷത്തിലും പ്രായം അദ്ദേഹത്തിനുമുന്നിൽ തിരുമുൽക്കാഴ്ചവെച്ചു വണങ്ങുന്നു. | |
ആരെയും അനുകരിക്കാത്ത ശൈലിയും ശബ്ദവുമാണ് ജയചന്ദ്രന്റേത്. സദാ പ്രസാദാത്മകം. ഹിമാലയസദൃശമുള്ള യേശുദാസിന്റെ ഗന്ധർവസാന്നിധ്യത്തിലും ജയചന്ദ്രന്റെ കിന്നരനാദം വേറിട്ടു നാം കേട്ടു, നെഞ്ചോടുചേർത്തു. 1958-ലെ സ്കൂൾ യുവജനോത്സവവേദിയിൽ കണ്ടുമുട്ടിയ യേശുദാസിനെ മത്സരാർഥിയായല്ല, മറിച്ച് തന്റെ മൂത്തസഹോദരനായാണ് ജയചന്ദ്രൻ എന്നും കണ്ടത്. യേശുദാസിന്റെ ആരാധകനെങ്കിലും തന്റെ സുഭഗമായ ശബ്ദസൗകുമാര്യംകൊണ്ട് സ്വന്തമായ സിംഹാസനം അദ്ദേഹം തീർത്തു. മലയാളഭാഷയ്ക്ക് മാദകഭംഗിയുണ്ടെന്നു മനസ്സിലാക്കിത്തന്നു. ജന്മനാളായ തിരുവാതിരപോലെ തിളങ്ങിനിന്നു. | |
ദേവരാജനും ബാബുരാജുംമുതൽ ബിജിബാലും ഗോപി സുന്ദറും വരെയുള്ള സംഗീതസംവിധായകർക്ക് തലമുറകളിലൂടെ ഹിറ്റുകൾ സമ്മാനിച്ച ശബ്ദത്തിനുടമ. പി. ഭാസ്കരനും വയലാറും ഒ.എൻ.വി.യും തൊട്ട് ഇങ്ങ് ഹരിനാരായണൻവരെയുള്ള കവികളുടെ വരികൾക്ക് ആ ശബ്ദത്തിലൂടെ ജീവൻതുടിച്ചു. തലമുറകൾ മാറിയിട്ടും മാധുര്യത്തിന് അണുവിട ഇടർച്ചയുണ്ടായില്ല. വീഞ്ഞുപോലെ ലഹരികൂടിയെന്നുമാത്രം | |
ഒരിടവേളയ്ക്കുശേഷം പ്രായം നമ്മിൽ മോഹം നൽകി എന്ന വിദ്യാസാഗർ ഗാനത്തിലൂടെ തിരിച്ചുവന്ന ജയചന്ദ്രൻ ഹിറ്റുകൾ തുടർച്ചയായി നൽകി സംഗീതനിരൂപകരെ അമ്പരപ്പിച്ചു, ആരാധകരെ മോഹിപ്പിച്ചു. രാജീവനയനേ നീയുറങ്ങൂ എന്നുമൂളിനടന്ന തലമുറയുടെ പിൻമുറക്കാർ ഓലഞ്ഞാലിക്കുരുവീ എന്ന് അതേ വികാരവായ്പോടെ പാടിനടന്നു. ഒരു ഗായകന് മറ്റെന്താണുവേണ്ടത്. കണിശമായ സാധകമോ പ്രത്യേകിച്ചൊരു ചിട്ടയോ ഇല്ലാതെതന്നെ മാസ്മരികമായ ശബ്ദഭംഗി പതിറ്റാണ്ടുകളോളം സൂക്ഷിച്ച ഗായകർ അപൂർവമാണ്. ജയചന്ദ്രൻ അത്തരത്തിലൊരു പ്രതിഭയാണ്. | |
സംഗീതപശ്ചാത്തലമുള്ള കുടുംബാന്തരീക്ഷത്തിലാണ് ജയചന്ദ്രൻ ജനിച്ചത്. ചെണ്ടയും കഥകളിയും കൂത്തും കച്ചേരിയും സമൃദ്ധമായി വിളയുന്ന ഇരിങ്ങാലക്കുടയിൽ. പാട്ടിന്റെ പാലാഴിക്കൊപ്പംതന്നെ ആസ്വാദനലയത്തിലും മുഴുകിയ ഒരാൾ. പഞ്ചാരിമേളവും കല്യാണസൗഗന്ധികം കഥകളിയും പള്ളിത്തിരുനാളുകളും ഇഷ്ടമുള്ള ഉത്സവപ്രേമി. പി. സുശീലയുടെയും മുഹമ്മദ് റഫിയുടെയും തലത് മഹമൂദിന്റെയും കടുത്ത ആരാധകൻ. ശ്രീകുമാരൻ തമ്പിയുടെ വരികളെയും ദക്ഷിണാമൂർത്തിയുടെ സംഗീതത്തെയുംപറ്റി വാതോരാതെ വർണിക്കുന്ന കലാരസികത്വം. യേശുദാസിന്റെ താമസമെന്തേയും വെൺചന്ദ്രലേഖയും വീണ്ടും വീണ്ടും പാടുന്ന സഹൃദയത്വം. | |
കന്നഡയിലും തെലുങ്കിലും ഒട്ടേറെ ഹിറ്റുകൾതീർത്തെങ്കിലും ജയചന്ദ്രൻ തമിഴിൽ തീർത്തത് തരംഗം. നാട്ടുമക്കൾ നെഞ്ചേറ്റിയ കലൈമാമണി. രാസാത്തി ഉന്നെയും കാത്തിരുന്ത് കാത്തിരുന്തും സൃഷ്ടിച്ചത് വിജയകാന്ത് എന്ന നായകനെ മാത്രമായിരുന്നില്ല, രസികലക്ഷങ്ങളെ കൂടിയായിരുന്നു. സുഹൃത്തായ ഇളയരാജ മുതൽ ഒമ്പതുവയസ്സിൽക്കണ്ട റഹ്മാനും ജയചന്ദ്രന്റെ സ്വരമാധുരിയെ ആവോളം ഉപയോഗിച്ചു. | |
ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലേ പോലെ സ്മൃതിതൻ ചിറകിലേറിവരുന്ന അനവദ്യമായ ഒരുപിടി ലളിതസംഗീതഹാരങ്ങൾ നമുക്കായി അദ്ദേഹം തന്നു. ഭക്തിസംഗീതശാഖയിലാവട്ടെ ജയചന്ദ്രൻ തീർത്ത വഴി അനന്യമാണ്. നെയ്യാറ്റിൻകരവാഴുന്ന കണ്ണനും വണ്ണാത്തിക്കിളികൾ സുപ്രഭാതം പാടുന്ന വടക്കുംനാഥനും ആ ശബ്ദത്തിലൂടെ കേരളക്കരയുടെ സായാഹ്നങ്ങളിലേക്ക് കടന്നുവന്നു. അത് സൃഷ്ടിച്ച ഭാവപ്രപഞ്ചം സൂര്യാസ്തമയങ്ങളെ നിറമാലകളാക്കിമാറ്റി. | |
പ്രായം പരാജയപ്പെട്ട ശബ്ദത്തിന്റെ ഉടമയ്ക്ക്, മലയാളികളുടെ പ്രിയപ്പെട്ട ജയചന്ദ്രന് മാതൃഭൂമിയുടെ പിറന്നാൾ ആശംസകൾ. അനവദ്യഗാനങ്ങൾക്കായി ഞങ്ങൾ ഇനിയും കാത്തിരിക്കും. |
Sign up for free
to join this conversation on GitHub.
Already have an account?
Sign in to comment